Thursday, April 30, 2009

കൊച്ചി തുറമുഖത്ത്‌ സമരം തുടരുന്നു നാവികസേന സജീവം

തോപ്പുംപടി: കൊച്ചി തുറമുഖത്ത്‌ മറൈന്‍വിഭാഗം ജീവനക്കാര്‍ നടത്തിവരുന്ന നിസ്സഹകരണ സമരം നാലാംദിവസമായ ബുധനാഴ്‌ചയും തുടര്‍ന്നു. ബുധനാഴ്‌ച രാവിലെ ട്രേഡ്‌ യൂണിയന്‍ നേതാക്കളുമായി പോര്‍ട്ട്‌ ട്രസ്റ്റ്‌ ചെയര്‍മാന്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന്‌ വൈകിട്ട്‌ സെന്‍ട്രല്‍ അസി. ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളില്‍, തുറമുഖ മാനേജ്‌മെന്റ്‌ അധികൃതര്‍ പങ്കെടുത്തതുമില്ല. ദേശീയ ട്രൈബ്യൂണലിന്റെ അവാര്‍ഡ്‌പ്രകാരം നടപ്പിലാക്കിയ ക്രമീകരണങ്ങള്‍ പിന്‍വലിക്കുവാന്‍ കഴിയില്ലെന്ന നിലപാടാണ്‌ ചര്‍ച്ചകളില്‍ മാനേജ്‌മെന്റ്‌ സ്വീകരിച്ചത്‌. ഇതേസമയം, ഒമ്പത്‌ കപ്പലുകുടെ പോക്കുവരവ്‌ ജോലികള്‍ തുറമുഖത്ത്‌ നടന്നു. കപ്പല്‍ പോക്കുവരവ്‌ ജോലികളെ സഹായിക്കുന്നതിന്‌ 24 അംഗ നാവികസേന ബുധനാഴ്‌ചയും രംഗത്തുണ്ടായിരുന്നു. കപ്പലുകളുടെ ബര്‍ത്ത്‌മാറ്റ ജോലികളും നടന്നു. അതേസമയം, നിസ്സഹകരണ സമരം മറ്റു മേഖലകളിലേക്ക്‌ വ്യാപിപ്പിച്ചിട്ടുമുണ്ട്‌. കണ്ടെയ്‌നര്‍ ടെര്‍മിനല്‍, വാര്‍ഫുകള്‍, കാര്‍ഗോ ഹാന്റ്‌ലിങ്‌ വിഭാഗം എന്നിവിടങ്ങളിലും നിസ്സഹകരണമുണ്ടായി. സമരത്തില്‍ പങ്കെടുത്ത തൊഴിലാളികള്‍ രാവിലെ തുറമുഖത്ത്‌ പ്രകടനം നടത്തി. കണ്ടെയ്‌നര്‍ ടെര്‍മിനലിനടുത്ത്‌ നടന്ന പ്രതിഷേധ യോഗത്തില്‍ മുഹമ്മദ്‌ യൂസഫ്‌, കെ.എന്‍. വാസുദേവന്‍, സി.ഡി. നന്ദകുമാര്‍, ബെന്നി, എം. ജമാല്‍കുഞ്ഞ്‌ എന്നിവര്‍ പ്രസംഗിച്ചു. മറ്റൊരു തുറമുഖത്തും നടപ്പാക്കാത്ത ട്രൈബ്യൂണല്‍ അവാര്‍ഡ്‌ കൊച്ചിയില്‍ മാത്രം നടപ്പാക്കുന്നത്‌ നീതീകരിക്കാനാവില്ലെന്ന്‌ യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. വിശാഖപട്ടണത്തും പാരദ്വീപിലും അവാര്‍ഡ്‌ നടപ്പാക്കിയെന്ന വാദം തെറ്റാണെന്നും വിശാഖപട്ടണത്ത്‌ തൊഴിലാളികള്‍ സമരത്തിലാണെന്നും നേതാക്കള്‍ പറഞ്ഞു. പ്രകോപനമുണ്ടാക്കുന്ന നടപടികളാണ്‌ അധികൃതര്‍ സ്വീകരിക്കുന്നത്‌. രാജീവ്‌ഗാന്ധി കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ പുറമെനിന്നുള്ളവരെക്കൊണ്ട്‌ ജോലിയെടുപ്പിക്കുന്നത്‌ അംഗീകരിക്കാനാവില്ലെന്നും നേതാക്കള്‍ പറഞ്ഞു. പട്ടാളത്തെയും പോലീസിനെയും അണിനിരത്തി പട്ടാളഭരണം നടത്താനാണ്‌ ചെയര്‍മാന്‍ ശ്രമിക്കുന്നതെന്നും തൊഴിലാളി അതിനെ പരാജയപ്പെടുത്തുമെന്നും തുറമുഖ സംരക്ഷണസമിതി പത്രക്കുറിപ്പില്‍ അറിയിച്ചു.

http://www.mathrubhumi.com/php/newFrm.php?news_id=12117081&n_type=RE&category_id=4&Farc=

No comments:

Post a Comment